ചിലന്തികൾ.

ചിലന്തി സസൂക്ഷ്മം, ഏറിയ കരുതലോടെ, ഏറ്റവും ഭംഗിയായി വലകൾ നെയ്തു തുടങ്ങി. ആർക്കും പിടിത്തരില്ല എന്നത് ഒരു തരം വാശിപോലെ അതിന്റെ മേലാകെ വരിഞ്ഞുകെട്ടി, മൂലകളിലും മറവുകളിലും മാറി മാറി  ഒളിച്ചു കളി നടത്തുന്നു.പരിഹാസച്ചുവയോടെ പണികൾക്കിടയിൽ അവറ്റയുടെ നെയ്ത്തിലേക്ക് ഞാനൊന്ന്  എത്തിനോക്കി.എപ്പോൾ വേണമെങ്കിലും  കയ്യിട്ടു പൊട്ടിച്ചാൽ അതെന്നോടൊപ്പം  ഇല്ലാതാവുമെന്നുള്ള നിസംശ്ശയമായ  ഉറപ്പ് എന്നിൽ എനിക്കു തന്നെയുള്ള  വിശ്വാസവും  മമതയും  ഒരു നിമിഷമെങ്കിലും കൂട്ടിയിരിക്കുന്നു എന്നത് പറയാതെ വയ്യ.എത്തിനോട്ടം അവസാനിപ്പിച്ച് വീണ്ടും ഞാൻ പണിത്തിരക്കുകളിലേക്ക് തിരിഞ്ഞു.ഈ സമയം  ചിലന്തിയുടെ വലകൾ അറ്റവും കോണും പൂർത്തിയാക്കി പ്രതലങ്ങളിലേക്ക് കടന്നിരിക്കുന്നു. ഒരറ്റത്തുനിന്ന് നിന്ന് തുടങ്ങിയത് കൊണ്ടാണോ  എന്നറിയില്ല,  പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വൃത്തിയും, തനിമയും  ഉണ്ടായിരുന്നു അതിന്. എന്നാൽ ഇത് മനസ്സിലാക്കുവാൻ എനിക്ക്  രണ്ടാമതൊരു എത്തിനോട്ടം കൂടി  നടത്തേണ്ടി വന്നു.ആ എത്തിനോട്ടത്തിലും `ഞാനെന്ന ഭാവം´  എന്തിനെയും ഞെരിച്ചമർത്താനുള്ള കരുത്തുണ്ടെന്ന് എന്നോടോതി.ചിലന്തികൾ പലതരമുണ്ടെന്നും,ഇളം കറുപ്പിൽ നിന്ന് നേർത്ത ചാരനിറത്തിലേക്കുള്ള ദൂരത്തിൽ നിന്നുടലെടുത്തതാണ്  ചിലന്തി വലയെന്നതും    മൂന്നാമത്തെ എത്തിനോട്ടത്തിലാണ് എനിക്കറിയുവാൻ കഴിഞ്ഞത്. അപ്പോഴേക്കും ചിലന്തികൾക്ക് അസാമാന്യമായ ആഴപ്പരപ്പുകൾ ഉണ്ടെന്ന് എവിടെയോ തോന്നി തുടങ്ങിയിരിക്കുന്നു. അതെന്നിൽ അടിമുടി ഒരു ഇളക്കം തട്ടിച്ചിരിക്കുക്കയും, എന്റെ വിചാരങ്ങൾക്ക് പ്രഹരം ഏൽപ്പിക്കുകയും തൽഫലം  വിയർപ്പുകണങ്ങൾ എന്റെ നെറ്റിയിൽ പൊടിയുകയും ഉണ്ടായി. എന്റെ കൈയ്കളുടെ മേൽ  ആർത്തിയോടെ ചിലന്തികൾ കൂട്ടം കൂട്ടമായി  നെയ്തു തുടങ്ങിയിരിക്കുന്നുവെന്നത് അതിനോട് മല്ലിട്ടു നിന്നുകൊണ്ടിരുന്ന  നാലാമത്തെ എത്തിനോട്ടത്തിലാണ് ഞാനറിഞ്ഞത്.മെല്ലെ  അതെന്നിൽ തിരിച്ചറിവുകൾ  നടത്തിയിരിക്കുന്നു, എന്നെ പൊളിച്ചെഴുതിയിരിക്കുന്നു. എന്നാൽ,  പെട്ടന്നൊന്നും  തിരിച്ചു വരാൻ പറ്റാത്ത വിധം ഞാൻ അകപ്പെട്ടുവെന്ന് അഞ്ചാം തവണ എണ്ണാൻ വിരലുകളിലേക്ക് നോക്കിയപ്പോൾ  വിരലുകളുടെ സ്ഥാനത്തുള്ള വലകളിൽ നിന്നാണ്  ഞാൻ കണ്ടെത്തിയത്. വലകൾ എന്നെ മുഴുവനായും  മൂടിയിരിക്കുന്നു. രക്ഷപെടാൻ നോക്കുന്തോറും ഞാൻ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങപ്പെടുകയും,  അവിടം പേരില്ലാത്ത എന്തോ ഒരു അനുഭൂതി എനിക്കു ലഭ്യമാവുകയും  ചെയ്തിരിക്കുന്നു.ആ അനുഭൂതിയിലുണ്ടായ  തീച്ചൂള എന്നെ ഉടച്ചു വാർക്കുവാൻ തിളക്കുകയും, അത് തീർത്തും ഹരമുള്ള പ്രക്രിയ ആണെന്ന  ബോധം എന്നിൽ യാതൊരു എതിർപ്പുകളും  ഉണ്ടാക്കാതിരിക്കുകയും ചെയ്തിരിക്കുന്നു .എന്നാലും നിശ്ചലമായ എന്റെ ഇരുപ്പ് കണ്ടിട്ടാവണം വലകൾക്കിടയിൽ പെട്ടുപോയ പ്രാണികൾക്ക് എന്നോടാനുകമ്പ തോന്നിയത്. അവറ്റകൾ എന്നോട് സർവ്വശക്തിയും എടുത്തു രക്ഷപെടുവാൻ കല്പ്പിക്കുന്നു. കല്പനകളെക്കാളും പരിഹാസമാവും ഇവൾക്ക് നല്ലതെന്നു കണ്ടിട്ടാവണം അതിൽ നിന്നും അവ  ചുവട് മാറിയത്. എന്തു തന്നെയായാലും ഞാൻ സർവ്വ ബലവും എടുത്ത് ചിലന്തികളിൽ നിന്നും നെയ്തു കൂട്ടിയ വലകളിൽ  നിന്നും കുതറി മാറുവാൻ നോക്കി. ഏറെ നേരത്തെ പരിശ്രമം കൊണ്ടാവും  ചെറുതായി വലകൾ ഞാൻ പൊട്ടിച്ചെടുത്തിരിക്കുന്നു… ഉള്ളിൽ നൊസ്റ്റാൾജിയ എന്ന ചിലന്തിക്ക്, മറ്റാരോടും  പറഞ്ഞറിയിക്കാൻ പറ്റാത്ത ആ അനുഭൂതിക്ക് ഇനിയും അടിയറവു പറയുമോ എന്നു സംശയവും ഭീതിയും ഒപ്പം ഒരിറ്റു സമ്മതവും  ബാക്കിവെച്ച്!

2 Comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s